Web hosting

ആദ്യ കഥ


                ആദ്യമായി ഒരു കഥ പ്രസിദ്ധീരിക്കാന്‍ വേണ്ടി വാരികകളിലേക്ക് അയച്ചു കൊടുക്കുക എന്നതിലുപരി എന്റെ രചനകള്‍ക്ക് അംഗീകാരം ലഭിക്കുക എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. കോളേജ് ഫെസ്റ്റുകളില്‍ ഒന്നാം സ്ഥാനം നേടിയത് തന്നെ ആവേശത്തെ അത്യാവേശമാക്കി പരിണമിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നതിനാല്‍ അതു പ്രസിദ്ധീകരിക്കാന്‍ എന്തും ചെയ്യും എന്ന മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. സാഹിത്യം പണ്ടേ എന്റെ ദൗര്‍ബല്യമായിരുന്നു. മാഗസിനുകളും സാഹിത്യ പുസ്തകങ്ങളും വാങ്ങുവാന്‍ വേണ്ടി മാത്രം ഒരു പുരയിടം വാങ്ങാനുള്ള പണം ഞാന്‍ ചെലവഴിച്ചിട്ടുണ്ടാകും. എന്റെ താല്‍പര്യം കണ്ടു കൊണ്ടാണ് അമ്മയും മാഗസിനുകളും സാഹിത്യ കൃതികളും വായിക്കാന്‍ തുടങ്ങിയത്. പ്രലോഭനം നേരിടുന്ന ഈയൊരു ഘട്ടത്തിലാണ് അര്‍ഹിക്കുന്ന അംഗീകാരം എന്ന് ഞാന്‍ വിശ്വസിക്കുന്ന രൂപത്തില്‍ ഇത് പ്രസിദ്ധീകരിക്കാതിരിക്കുക എന്ന വലിയ യാഥാര്‍ത്ഥ്യം എന്റെ ചിന്താശക്തി നഷ്ടപ്പെടുത്തിയത്.
                പ്രസിദ്ധീകരണ ശേഷം ഒന്ന് അമ്പരന്നു കൊണ്ട് മാത്രമേ ഞാന്‍ കഥയെഴുതി അയച്ചത് പോലും അമ്മ അറിയാവൂ എന്നായിരുന്നു ആദ്യം തീര്‍ച്ചപ്പെടുത്തിയത്. പറയാതിരുന്നത് നന്നായി എന്ന് ഇപ്പോള്‍ തോന്നി. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ ജീവിക്കുന്നതു തന്നെ എനിക്ക് വേണ്ടിയായിരിക്കെ, ഞാന്‍ പരാജിതനാകുന്നത് അമ്മയ്ക്ക് മാനസികമായി അംഗീകരിക്കാന്‍ സാധിക്കില്ല. ഞാനീ എഴുതിയത് സ്വീകരിക്കപ്പെടാതിരിക്കുക എന്നത് അമ്മയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. അമ്മയ്ക്കാണെങ്കില്‍ എന്റെ കാര്യത്തില്‍ ഏതു വിമര്‍ശകനേയും പറഞ്ഞ് തോല്പിക്കാന്‍ കെല്പുള്ള മനവും പ്രതീക്ഷകളുമുണ്ട്. ആനമുടിയുടെ അത്ര തന്നെ വലുപ്പമുള്ള സ്‌നേഹക്കൂമ്പാരവും. ഇതാദ്യമായാണ് അമ്മ അറിയാതെ ഒരു കാര്യം എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തന്നെ. പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു. എന്റെ മുഖത്തെ നേരിയ വ്യതിയാനം പോലും മനസ്സിലാക്കുന്ന അമ്മ അതറിയും. ആദ്യമേ അറിയിക്കാത്ത കാര്യം ഇനി ഏതായാലും അമ്മയെ അറിയിക്കാന്‍ പാടില്ല. ആദ്യ കഥ തള്ളപ്പെട്ടതോടെ സമാധാനം പൂര്‍ണ്ണമായും നഷ്ടപ്പെട്ട എനിക്ക് ഒരുതരം അസഹനീയത അനുഭവപ്പെട്ടു.
                എന്റെ കഥ തള്ളിയതിന്റെ ആദ്യ രാത്രി, ചിന്തിച്ച് ചിന്തിച്ച് എനിക്ക് മുഴുത്ത ഭ്രാന്ത് പിടിച്ചിരുന്നെന്ന് തോന്നുന്നു, ആ നേരത്താണ് അമ്മ എന്റെ മുറിയിലേക്ക് വന്ന് എന്നോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞത്. മറുപടി കിട്ടാതിരുന്നപ്പോള്‍ എന്റെ കഴുത്തില്‍ പിടിച്ച് കൊണ്ട് വീണ്ടും അഞ്ചാറു പ്രാവശ്യം അതു തന്നെ പറഞ്ഞു കൊണ്ടേയിരുന്നു. എന്റെ അകത്തളത്തില്‍ ഉരുണ്ട് കൂടിയിരുന്ന എല്ലാ അമര്‍ഷവും ഒന്നിച്ച് പുറത്തുചാടി. സഹികെട്ട ഞാന്‍ അവസാനം അവിടെയുണ്ടായിരുന്ന ഗ്ലാസെടുത്ത് നിലത്തെറിഞ്ഞപ്പോഴാണ് ബോധം തിരിച്ച് കിട്ടിയത്. എന്നു വെച്ച് സമാധാനം പൂര്‍ണ്ണമായും വീണ്ടുകിട്ടി എന്നര്‍ത്ഥമില്ല. അങ്ങേയറ്റത്തെ പ്രതീക്ഷയോടു കൂടി വളരേയേറെ നേരം കളഞ്ഞ് ഞാന്‍ രൂപപ്പെടുത്തിയ കഥ പെട്ടെന്നങ്ങ് ഒഴിവാക്കാന്‍ മനസ്സ് വരില്ലല്ലോ. ഒരുപക്ഷേ, ലോകത്തെ മിക്ക എഴുത്തുകാരും ഇത് അനുഭവിച്ചിട്ടുണ്ടാവുമെങ്കിലും ആരുടേതിനും ഇത്ര തീവ്രത ഉണ്ടായിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നി. ചിലപ്പോള്‍, മറ്റുള്ളവര്‍ക്കും ഇതു തന്നെയായിരിക്കാം തോന്നിയത്.
                പൂര്‍ണ്ണമായുമല്ലെങ്കിലും ആദ്യ കഥയെ ഒഴിവാക്കി മറ്റൊന്ന് എഴുതാന്‍ തുടങ്ങി. പക്ഷേ, എന്തു ഫലം? വീണ്ടും വീണ്ടും പുതിയവ എഴുതിക്കൊണ്ടേയിരുന്നുവെങ്കിലും ആരും സ്വീകരിച്ചില്ല. ആറ് മാഗസിനുകളിലായി മാറി മാറി അയച്ചത് പതിനഞ്ച് കഥകളായിരുന്നു. ഓരോന്നും എഴുതാനും തിരുത്താനും കൂടി ഓരോ മാസത്തോളമാണ് എടുത്തത്.
                അവസാനം ഒരു കാര്യം തീര്‍ച്ചപ്പെടുത്തി. ഇനി ഓരോ മാഗസിനുകളുടെയും ഓഫിസുകളിലേക്ക് നേരിട്ട് പോയിട്ട് തന്നെ കാര്യം. മാഗസിനുകളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള പ്രയാണത്തില്‍ ആദ്യമായി പോയത് ഒരു ഇരുനിലക്കെട്ടിടത്തിലേക്കായിരുന്നു. അവിടെ ഉണ്ടായിരുന്ന മധ്യവയസ്‌കനെ കാണുമ്പോള്‍ തന്നെ തോന്നിയത്, അയാളൊരു പാവമാണെന്ന്. പക്ഷേ, പ്രതീക്ഷകളെല്ലാം തെറ്റിച്ച് കൊണ്ട് കണ്ടയുടനെ തലയുയര്‍ത്തി കണ്ണുരുട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു: എന്താ കാര്യം?”. പിറകിലുണ്ടായിരുന്ന ജനലിലൂടെ ഒഴുകി വന്ന സൂര്യപ്രകാശം അയാളുടെ മുഖഭാവത്തെ അപ്രസക്തമാക്കി. മിണ്ടാപ്പൂച്ച കലമുടക്കുമെന്ന് അയാളുടെ ഗൗരവസ്വരം വിളിച്ചോതി. പ്രതികൂല സാഹചര്യങ്ങളെ പൂച്ചയെപ്പോലെ ഒതുങ്ങിക്കൂടി നേരിട്ട്, അവസരം കിട്ടുമ്പോള്‍ സിംഹമായി മാറുകയാണയാളെന്ന് തുടര്‍ന്ന് നടന്ന സംഭാഷണത്തില്‍ വ്യക്തമായി.
                കാറ്റിലൂടെ ആര്‍ത്തലച്ചു വന്ന സ്വരങ്ങള്‍ പറയുന്നത് എന്റെ കഥയാണെന്ന് അയാളെ ബോധ്യപ്പെടുത്താന്‍, തൊണ്ടയനക്കി ഭയവിഹ്വലമായ ശബ്ദത്തെ ബലമായി തിരിച്ച് കൊണ്ട് വരേണ്ടി വന്നു.
                എന്റെ ധാരാളം കഥകള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഞാന്‍ അയച്ചിരുന്നു സാര്‍, ഒരുപാട് മാസങ്ങളായി ഞാന്‍ ഇ-മെയിലിലും പോസ്റ്റിലുമായി പതിനഞ്ചോളം കഥകള്‍ അയച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, ഒന്നു പോലും പ്രസിദ്ധീകരിച്ചിട്ടില്ല............എന്റെ സ്വരത്തില്‍ പ്രത്യക്ഷപ്പെട്ട, യഥാര്‍ത്ഥമോ കൃത്രിമമോ എന്ന് എനിക്ക് പോലും അറിയാത്ത, ദയനീയതയെക്കുറിച്ച് ആലോചിച്ച് എന്റെ ഉള്ള് അപ്പോഴും ചിരിക്കുകയായിരുന്നു.
                ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന എന്തിനെക്കുറിച്ചും ഞങ്ങള്‍ക്കൊരു സങ്കല്‍പമുണ്ട,് മിസ്റ്റര്‍. അതെത്രത്തോളം നിലവാരം പുലര്‍ത്തിയിരിക്കണം എന്ന വിഷയത്തിലടക്കം.  ഒരു പരിഹാസച്ചിരിയുടെ അകമ്പടിയോടെ അയാളുടെ വായ വീമ്പിളക്കി. അതെനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. സമന്വയം പാലിക്കാതെ വയ്യല്ലോ. ഞാനൊരക്ഷരം ഉരിയാടിയില്ല.
                ഞങ്ങളുടെ ആശയങ്ങളോട് വിരുദ്ധമായതെന്തും ഞങ്ങള്‍ക്ക് അസഹനീയമാണ്. നിങ്ങള്‍ ഒരു വട്ടം അത്തരം വിരുദ്ധ നിലപാട് അവതരിപ്പിച്ചാല്‍ നിങ്ങള്‍  അനഭിമതനായിത്തീരും.അയാള്‍ തുടര്‍ന്നു.
                സാര്‍, അങ്ങനെയൊക്കെ സംഭവിക്കാന്‍ മാത്രം വികലമായ ആശയങ്ങള്‍ എനിക്കില്ല.എന്റെ ശബ്ദം തേങ്ങി. ഒന്നു രണ്ട് മത്സരങ്ങളില്‍ ഫസ്റ്റ് നേടിയതില്‍ നിന്നുള്ള ആത്മവിശ്വാസം കൊണ്ടു മാത്രമാണ് സാര്‍, കല വെറുമൊരു വിമര്‍ശനമാണെന്ന് ഞാന്‍ കരുതുന്നില്ല.........
                പിന്നെ, പ്രസിദ്ധീകരിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടാവുക കൂടി വേണമല്ലോ.എന്റെ വാക്കുകള്‍ പൂര്‍ത്തിയാകും മുമ്പേ അയാള്‍ വീണ്ടും അമ്പുകള്‍ എയ്തു വിടാന്‍ തുടങ്ങി. എന്റെ കൈയ്യില്‍ അയാളുടെ രക്തം പുരണ്ടിരിക്കുന്നത് ഞാന്‍ കണ്ടു. ഞാനൊരു നരഭോജിയായി രൂപം പ്രാപിക്കുന്നുണ്ടോ എന്ന സംശയം ദൗര്‍ബല്യാവസ്ഥയിലും എന്നെ ബലവാനാക്കി. ആത്മനിയന്ത്രണം നടത്തുന്നവനാണ് ഏറ്റവും ശക്തനെന്ന് ഞാന്‍ വിശ്വസിച്ചിരുന്നത് അയാളുടെ ജീവിതം രക്ഷിച്ചു, എന്റെയും. എന്നെക്കൊണ്ട് ഒരുപകാരവുമില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ നീയൊക്കെ എന്റെ കാലു പിടിച്ച് മാപ്പ് പറയേണ്ടി വരുമെടാ എന്നാക്രോശിച്ച് അവിടുന്നോടിപ്പോകാന്‍ ഞാനാഗ്രഹിച്ചു.
                കണ്ട തെണ്ടികളൊക്കെ കുത്തിക്കുറിക്കുന്നത് പ്രസിദ്ധീകരിക്കുന്നത് കൊണ്ട് ആര്‍ക്കും നേട്ടമില്ലല്ലോ.അയാള്‍ വിടാന്‍ ഭാവമില്ല. ഇനിയും ഇവിടെ നിന്നാല്‍ എന്റെ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെടുക കൊലയാളിയുടെ ആദ്യ കഥയായിട്ടായിരിക്കും എന്ന് ഉറപ്പായി. തലക്ക് ഭാരം കൂടി വരുന്നത് പോലെത്തോന്നി. പെട്ടെന്ന് പിന്‍വാങ്ങുന്നതാണ് ഏറ്റവും നല്ലതെന്ന് മനസ്സിലായി.
                അയാളുടെ വാക്കുകളുടെ പര്യായങ്ങളാണ് ഇനി എല്ലായിടത്ത് നിന്നും കേള്‍ക്കേണ്ടി വരിക എന്ന ബോധം എന്നെ വീട്ടിലേക്കാണ് നയിച്ചത്. ദിവസങ്ങളോളം നീണ്ടു നിന്ന ആലോചനയില്‍ നിന്ന് കൈകൊണ്ട അവസാനത്തെ തീരുമാനവും നിരാശയിലവസാനിച്ചതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. പരീക്ഷക്ക് മാര്‍ക്ക് നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ ലോകത്തോടൊന്നടങ്കം ദേഷ്യപ്പെട്ടു. പ്രതിഷേധത്തിനായി ആത്മഹത്യ ചെയ്യുന്നര്‍ പ്രതിനിധീകരിക്കുന്നത് ഏറ്റവും വികലമായ ആശയങ്ങളാണ് എന്ന് വിശ്വസിച്ചിരുന്നതിനാല്‍ അതിന് മുതിര്‍ന്നില്ല.
                സൂര്യനെ പ്രതിനിധീകരിച്ചെത്തിയ ചന്ദ്രനെ പുല്‍കുന്ന രാത്രിയെ നോക്കി ഞാന്‍ കിടന്നു. എഴുതിയ കഥകളിലൊന്നു പോലും ഒഴിവാക്കാന്‍ പറ്റില്ല. മാസങ്ങളുടെ അധ്വാനഫലം വ്യര്‍ത്ഥമായി എത്രയെത്ര ജീവിതങ്ങളാണ് ഇല്ലായ്മയില്‍ ലയിച്ചിട്ടുണ്ടാവുകയെന്ന് ആലോചിച്ചപ്പോള്‍ എന്റെ ഹൃദയം പിടഞ്ഞു. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാനാവുന്നില്ല. അറിയാതെ ഉച്ചത്തില്‍ കൂവിപ്പോയി. അമ്മ ഓടി വന്നു. ദുഃസ്വപ്നം കണ്ടതാവാമെന്ന് ആശ്വസിപ്പിച്ച് അമ്മ പോകുന്നതു വരേയും ഞാന്‍ മൗനിയായ ചിന്തകനായി മാറി. ജീവിതം ഉടനെ അവസാനിക്കുന്നതാണ് ഏറ്റവും ശുഭകരമെന്ന് ഞാന്‍ ആഗ്രഹിച്ച അപൂര്‍വ്വം ചില നിമിഷങ്ങളിലൊന്നായിരുന്നു അത്.
                പുലരുന്നത് വരെ ഉറങ്ങാതിരുന്നത് കൊണ്ട് ഫലമുണ്ടായി. പ്രസിദ്ധീകരിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും ഉണ്ടാവുന്ന ഗുണമെന്ന് അയാള്‍ വിശേഷിപ്പിച്ചത് എന്തിനെക്കുറിച്ചായിരിക്കും എന്ന ചോദ്യത്തിന് അവസാനം ഒരു മറുപടി കണ്ടെത്തി. പ്രശസ്തരുടെ പേര് വന്നാല്‍ മാത്രമേ മാഗസിനുകള്‍ക്ക് വില ഉണ്ടാകൂ എന്ന കൈപ്പേറിയ സത്യം എന്റെ മനസ്സില്‍ കിടന്ന് ഊഞ്ഞാലാടി. പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങളില്‍ അതോടെ കൃത്യമായ ധാരണയായി. കഥ വീണ്ടും പോസ്റ്റ് ചെയ്യുക, എന്റെ പേരിലല്ല, പ്രശസ്ത സാഹിത്യകാരന്‍ സുകുമാരന്റെ തിരു പ്രശസ്ത നാമത്തില്‍. ആ രംഗം മനസ്സില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടാണ് ഓരോ നിമിഷവും തള്ളി നീക്കിയത്.
                അങ്ങനെ, ആര്‍ക്കും അപരിചിതനല്ലാത്ത പ്രശസ്ത കഥാകൃത്ത് സുകുമാരന്റെ പേരില്‍ ഏറ്റവും മികച്ചവയെന്ന് ഞാന്‍ തന്നെ വിധിയെഴുതിയ ആറു കഥകള്‍ ആറു മാഗസിനുകളിലേക്കും അയച്ചതോടെ കൈയ്യിലുണ്ടായിരുന്ന ആകെ പണവും തീര്‍ന്നു. എങ്കിലും, എനിക്ക് നഷ്ടപ്പെട്ടു പോയ സമാധാനം തിരിച്ചു കിട്ടിയത് വലിയ നേട്ടമായി എന്ന് ഞാന്‍ സ്വന്തം വിധിയെഴുതി. ഞാന്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കിലും എന്റെ കൃതി അംഗീകരിക്കപ്പെടാന്‍ പോകുന്നു എന്ന സന്തോഷം പകല്‍ മുഴുവന്‍ എന്റെ മുഖത്ത് മായാതെ കിടപ്പുണ്ടായിരുന്നെന്ന് തോന്നുന്നു, എല്ലാവരും എന്നെ കാണുമ്പോള്‍ എന്താ മുഖത്തൊരു സന്തോഷം, വല്ല ലോട്ടറിയുമടിച്ചോ?” എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു. തന്റെ അന്തരംഗത്തു നിന്ന് ഉയര്‍ന്നു വന്ന ഒന്ന് അംഗീകരിപ്പെടാന്‍ പോകുന്നതിന്റെ സന്തോഷം അവരോട് പറഞ്ഞിട്ടു കാര്യമില്ലല്ലോ. എല്ലാവരെയും നോക്കി സുന്ദരമായി പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നെയും കുത്തിക്കുത്തി ചോദിച്ചവരോട് ഒന്നുമില്ലെന്നേഎന്ന ഈണമാര്‍ന്ന സ്വരത്തില്‍ സംഭാഷണം അവസാനിപ്പിച്ചു.
                വിധിയിലെ വൈരുധ്യം ആലോചിച്ച് കൊണ്ടാണ് ഞാന്‍ കിടന്നത്. മാസങ്ങളോളം ദുഃഖത്താലും ആശങ്കയാലും ഉറക്കം നഷ്ടപ്പെട്ട എനിക്കിന്ന് സന്തോഷത്താലും ആകാംക്ഷയാലും നിദ്രയെ സ്വപ്നം കാണാന്‍ പോലും കഴിയുന്നില്ല.  രാവിലെ കത്ത് പോസ്റ്റ് ചെയ്ത രംഗങ്ങള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നു. എന്റെ കഥകളും വഹിച്ച് കൊണ്ടുള്ള കത്തുകള്‍ ഇപ്പോള്‍ സഞ്ചാരം ആരംഭിച്ചിട്ടുണ്ടാകും.
                ഓരോ വാരികയിലും എന്റെ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഭാഗവും അതിന്റെ രൂപവും ഞാന്‍ ഉറങ്ങാതെ തന്നെ കിനാവില്‍ കണ്ടു. മരച്ചില്ലയിലിരുന്ന് ഉറക്കം തൂങ്ങുന്ന പക്ഷിക്ക് എന്റെ ആദ്യ കഥയിലെ രഘുവിന്റെ പേരാണ് നല്‍കാന്‍ തോന്നിയത്. ഈ പക്ഷിയെ കണ്ടിട്ടാണോ ഞാന്‍ ആ കഥാപാത്രത്തെ രൂപീകരിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. എല്ലാ സമയത്തും ഉറങ്ങിയോ ഉറക്കം നടിച്ചോ കഴിഞ്ഞ് കൂടുന്ന കഥയിലെയും ജീവിതത്തിലെയും രണ്ട് കഥാപാത്രങ്ങള്‍ തന്നെയാണ് രണ്ടും.
                രാവിലത്തെ പത്രത്തിലെ ആദ്യ പേജിലെ വാര്‍ത്തയുടെ തലവാചകം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എന്‍. സുകുമാരന്‍ നായര്‍ ഇന്നലെ രാവിലെ ഏഴിന് അന്തരിച്ചു എന്നതായിരുന്നു അത്. ഞാന്‍ കത്ത് പോസ്റ്റ് ചെയ്തതിനും മുമ്പേ അദ്ധേഹം പോയിരുന്നു. പാപപങ്കിലമാണ് എന്റെ സ്വത്വം എന്ന് സമ്മതിച്ച് പത്രവും കൈയ്യില്‍ പിടിച്ച് ഞാന്‍ മുട്ട് കുത്തി നില്‍ക്കുന്നത് കണ്ട് അതിലൂടെ നടന്ന് പോയ അമ്മ ഞെട്ടുന്നത് കണ്ട് ഞാന്‍ വീണ്ടും ഞെട്ടി. ചാടിയെണീറ്റ എന്നെ നോക്കി അമ്മ പിറുപിറുക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു: എന്റെ കുട്ടിക്കിത് എന്ത് പറ്റി, ദൈവമേ, എത്ര നാളുകളായി ഇത്തരത്തിലോരോന്ന് കാണാന്‍ തുടങ്ങിയിട്ട്........
                ഇനി എന്ത് സംഭവിക്കും? ആ കത്തുകള്‍ ഇനി പിന്‍വലിക്കാന്‍ സാധ്യമല്ല. അയക്കുന്നയാളുടെ വിലാസം രേഖപ്പെടുത്തേണ്ടിടത്ത് ഒന്നും എഴുതാഞ്ഞത് ഭാഗ്യം. ആരാണ് എഴുതിയത് എന്ന് ആര്‍ക്കും മനസ്സിലാകില്ലല്ലോ. അതു തന്നെ വലിയ സമാധാനം. കഥ പ്രസിദ്ധീകരിപ്പെടാതിരിക്കുന്നതിലും സങ്കടം അനുഭവപ്പെട്ടത് പരേതനോട് ഞാന്‍ ചെയ്ത തെറ്റ് ഓര്‍ത്തപ്പോഴായിരുന്നു. ജീവിതകാലത്താണെങ്കില്‍ അദ്ധേഹമത് പൊറുക്കുകയും ഇവ്വിഷയത്തില്‍ മൗനം പാലിക്കുകയും ചെയ്യുമെന്നത്് കാരണത്താല്‍ ആര്‍ക്കും തന്റെ കള്ളക്കളി തിരിച്ചറിയാന്‍ കഴിയുമായികുന്നില്ല. എന്നാല്‍, അദ്ധേഹവുമായി ആ കഥകള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. പോലീസിന്റെ കുശാഗ്ര ബുദ്ധി കാരണത്താല്‍ ഞാന്‍ പിടിക്കപ്പെട്ടാല്‍........... എന്റെ ഹൃദയം പിടഞ്ഞു. കേരളാ പോലീസാണല്ലോ അന്വേഷിക്കുകയെന്ന് ചിന്തിച്ചപ്പോഴാണ് ചെറിയൊരു മാനസിക സ്വസ്ഥത അനുഭവപ്പെട്ടത്.
                നാലു ദിവസം കഴിഞ്ഞ് വാരികകളെല്ലാം കൈയ്യിലെത്തിയപ്പോള്‍ എന്റെ കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടാവില്ല എന്ന് ഉറപ്പിച്ചിരുന്നതിനാല്‍ സുകുമാരന്‍ നായരുടെ അനുസ്മരണ ലേഖനങ്ങള്‍ വായിക്കാമെന്ന് വിചാരിച്ച്  അവയില്‍ നിന്നൊന്നെടുത്ത ഞാന്‍ തരിച്ചിരുന്നു പോയി. അതിന്റെ പുറം ചട്ടയില്‍ തന്നെ സുകുമാരന്‍ നായര്‍ എഴുതിയ അവസാനത്തെ കഥയായ ആദ്യകഥഎന്ന് സുന്ദരമായി അച്ചടിച്ചിരിക്കുന്നു. എല്ലാ വാരികകളും പരിശോധിച്ചപ്പോഴാണ് ബഹുരസം. എല്ലാറ്റിലുമുണ്ട് സുകുമാരന്‍ നായരുടെ അവസാനത്തെ കഥയായആദ്യ കഥ. അന്ന് ഞാന്‍ ചിരിച്ച് മണ്ണ് കൂപ്പുന്നത് കണ്ട് അമ്മ കുടുംബത്തിലൊരാള്‍ക്കും ഇനി ഇങ്ങനെ ഒരനുഭവം ഉണ്ടാകാതിരുന്നാല്‍ മതിഎന്ന് പരിഭവം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞാനമ്മയെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു: അമ്മേ, മാപ്പമ്മേ....”. നാലു നയനങ്ങള്‍ നിറഞ്ഞൊഴുകിയപ്പോള്‍ അതിന് പിന്തുണ നല്‍കിയതു പോലെ മഴയും ഉറക്കെ കരഞ്ഞു. തവളകളുടെ പ്രാര്‍ത്ഥന ഉയര്‍ന്നുയര്‍ന്നു വന്നത് എന്റെ മനസ്സിലെ മഴയെക്കൂടി തകര്‍ത്ത് പെയ്യിപ്പിച്ചു. അപ്പോഴും പുറത്ത് എന്റെ രഘുപ്പക്ഷിപുറത്ത് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു.

Comments

Popular posts from this blog

വലുത്

Web hosting