Web hosting

വലുത്


                അതാ, അവള്‍ വീണ്ടും വരുന്നു. ഇത് അഞ്ചാം തവണയാണ്. നിയമത്തിനു വിരുദ്ധമായ ഒന്നും തന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നു പറഞ്ഞിട്ടും അവള്‍ക്കൊരു കുലുക്കവുമില്ല.
                'ഇതില്‍ ഒരൊപ്പിട്ടാല്‍ മാത്രം മതി, സാര്‍'
                അനായാസത ഭാവിച്ചു കൊണ്ട് അവള്‍ പറയും.
                'പണം കൊണ്ടൊന്നും കാര്യമില്ല. പഞ്ചായത്തിലെ രേഖയില്ലാതെ ഒന്നും നടക്കില്ല.' ഇങ്ങനെ എത്ര തവണ പറഞ്ഞ് ആട്ടിപ്പുറത്താക്കി! പക്ഷേ, കൈയ്യില്‍ കടലാസു പൊതിയുമായി അവള്‍ വീണ്ടും വീണ്ടും വന്നു, ഈച്ചയെപ്പോലെ. രാവിലെ മുതല്‍ വൈകുന്നേരം ഓഫീസ് അടയ്ക്കുന്നതു വരെ കാത്തിരിക്കും. പൂട്ടി പുറത്തിറങ്ങുമ്പോള്‍ കടലാസു പൊതിയുടെ ധൈര്യത്തില്‍ അടുത്ത് വരും.
                'സാര്‍, പ്ലീസ് സാര്‍...' പഴയ പല്ലവി ആവര്‍ത്തിക്കും.
                'എനിക്കു കഴിയില്ലെന്നു പറഞ്ഞില്ലേ?' ഉറക്കെ പൊട്ടിത്തെറിച്ച് ഞാന്‍ അവളെ വിട്ട് കുതിച്ചു നടക്കും. സൂര്യന്‍ അതിന്റെ പ്രയാണം തുടരും. അവള്‍ അവളുടെ കൊഞ്ചലും.
                ഇരുപത്തഞ്ചുകാരി, സുന്ദരിയായ യുവതി, പ്രതീക്ഷ നിറഞ്ഞ വിടര്‍ന്ന കണ്ണുകള്‍. ജോലിക്കു ചേരാന്‍ ഒരൊപ്പിനായി കാത്തിരിക്കുന്നവള്‍. ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നും. പക്ഷേ, എന്തു ചെയ്യാന്‍? നിയമം നിയമത്തിന്റെ വഴിക്കു നീങ്ങേണ്ടേ?
                നിയമം ലംഘിക്കില്ല എന്ന ഉറച്ച തീരുമാനത്തിന് കഴിഞ്ഞ മുപ്പത്തേഴു വര്‍ഷമായി, ഈ ഓഫീസില്‍ ആദ്യമായി കയറിയ നിമിഷം മുതല്‍ ഈ നിമിഷം വരെ, ഒരു മാറ്റവുമുണ്ടായിട്ടില്ല. ഇനിയുണ്ടാവുകയുമില്ല. ഉണ്ടാകരുത്! രാഷ്ട്രീയക്കാരുടെ അനുഭാവമോ പണക്കാരുടെ പണപ്പൊതികളോ ഒന്നും വേണ്ട.
ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഭയം കൊണ്ടാണ്. ഭയം കൊണ്ടു മാത്രം.
                അഴിമതിക്കേസില്‍ കുടുങ്ങിയാല്‍ സര്‍ക്കാരുദ്യോഗസ്ഥന് ജീവിതം പിന്നെ മരണമാണ്. നരകത്തിലേക്കുള്ള വിളിയാളം. അന്നു രാഷ്ട്രീയക്കാരില്ല, പണമില്ല. പെന്‍ഷനില്ല, ജീവിതം തന്നെയില്ല. അവന്‍ മാത്രം ബാക്കിയാകും, ഏകാന്തനായി. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ എനിക്കെന്നല്ല, ആര്‍ക്കും ഇനിയതു സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.
ഗവര്‍ണ്‍മെന്റ് ഉദ്യോഗം എന്ന സ്വപ്‌നത്തിനു പിന്നില്‍ ഓടി നടന്ന അന്നത്തെ കാലം ഒരിക്കലും മറക്കാന്‍ കഴിയില്ല. പരീക്ഷയില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും മനസ്സില്‍ പ്രതീക്ഷയുടെ നേരിയ വള്ളിപ്പടര്‍പ്പുകള്‍ ബാക്കിയുണ്ടായിരുന്നു. നല്ല ജോലി, അന്തസ്സ്, വിരമിച്ചതിനു ശേഷവും പെന്‍ഷന്‍. ഇതൊക്കെയായിരുന്നു സര്‍ക്കാരുദ്യോഗമെന്ന മുക്കുവവലയിലേക്ക് ആകര്‍ഷിച്ചത്.
                വിരമിക്കുന്നതിന് ഒരു മാസം മുമ്പ് കൈയ്യില്‍ കൈയ്യാമവും പേറി തൊലിയുരിഞ്ഞ മൃഗമായി മാറുന്നത് ചിന്തിക്കാന്‍ പോലും വയ്യ.
                മുറി പൂട്ടിയിറങ്ങിയപ്പോള്‍, അതാ അവള്‍ കാത്തു നില്‍ക്കുന്നു. അവളെ കാണാത്തതു പോലെ നടിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അറിയാതെ കണ്ണുകള്‍ അങ്ങോട്ടു ചെന്നു.
                'എന്റെ ജോലി നഷ്ടപ്പെടും സാര്‍, പ്ലീസ്, താങ്കളുടെ ഒരൊപ്പു മാത്രം മതി.' അവള്‍ കൈയ്യിലുണ്ടായിരുന്ന ഫയല്‍ മെല്ലെ, എന്നാല്‍ അല്‍പ്പം ബലമായിത്തന്നെ, എന്റെ കൈയ്യില്‍ പിടിപ്പിച്ചു. പിന്നെ, എനിക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുമ്പെ, ഭീഷണിയുയര്‍ത്തുന്ന സ്വരത്തില്‍ പറഞ്ഞു: 'നാളെയും എനിക്ക് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ പകരം വേറൊരാളെ നോക്കും.' ഒന്നു നിര്‍ത്തിയിട്ട് എനിക്കെന്തെങ്കിലും പ്രതികരിക്കാന്‍ കഴിയും മുമ്പെ അവള്‍ തുടര്‍ന്നു: 'എനിക്കീ ജോലി നഷ്ടപ്പെടുകയാണെങ്കില്‍, താങ്കള്‍ക്കെതിരെ ഒരു മാനഭംഗക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ മടിക്കില്ല. അതിന്റെ പേരിലെങ്കിലും താങ്കളോട് പക വീട്ടാതെ എനിക്ക് വിശ്രമമുണ്ടാവില്ല. പറഞ്ഞേക്കാം.' ഞാന്‍ സ്തബ്ധനായി നിന്നു.
                എത്ര നിമിഷം കഴിഞ്ഞെന്നറിയില്ല. നോക്കുമ്പോള്‍ മുന്നില്‍ അവളില്ല. ഫയല്‍ കൈയ്യില്‍ തന്നെയുണ്ട്. കൈകള്‍ വിറയ്ക്കുന്നു. കാലുകള്‍ ഓടിത്തളര്‍ന്നിട്ടെന്ന പോലെ കിതയ്ക്കുന്നു. ശരീരം വഴങ്ങുന്നില്ല. ഞാന്‍ പതുക്കെ വീട്ടിലേക്ക് നടന്നു.
                ഒന്നും കഴിക്കാതെ കട്ടിലില്‍ ശവം പോലെ കിടക്കുമ്പോഴും വിശപ്പനുഭവപ്പെട്ടില്ല. മനസ്സില്‍ ചിന്തകളുടെ കൂമ്പാരം. ശരീരത്തിന് കനത്ത ചൂട്. കട്ടിലിനു തീ പിടിച്ചോ എന്നു സംശയിച്ച് പലവട്ടം എഴുന്നേറ്റിരുന്ന് ചുറ്റും നോക്കി. അനിത ശാന്തമായുറങ്ങുന്നു. അനധികൃത നിയമനത്തിനു സഹായം ചെയ്തില്ലെങ്കില്‍ നാളെ അവളുടെ മുഖത്ത് ഈ ശാന്തതക്കു പകരം പ്രത്യക്ഷപ്പെടുന്ന ഭാവം ഏതായിരിക്കുമെന്നാലോചിച്ചപ്പോഴൊക്കെ ഞാന്‍ ഞെട്ടിക്കൊണ്ടിരുന്നു.
                ലൈംഗിക പീഡനാരോപണം, അതും കാണാന്‍ കൊള്ളുന്ന പെണ്ണിന്റെ ഭാഗത്തു നിന്ന്. പൊതുജനത്തിനു മുന്നില്‍ തുണിയുരിഞ്ഞു നില്‍ക്കണോ? ആരോ എന്നോട് ചോദിച്ചു കൊണ്ടിരുന്നു. അഴിമതി മരണമാണെങ്കില്‍, ഇതു ജീവനോടെ കുഴിച്ചു മൂടലാണ്. നിരപരാധിത്വം തെളിയിക്കാനുള്ള അവസരത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പേ എല്ലാം കഴിയും. ഉദ്യോഗം, പെന്‍ഷന്‍, ഭാര്യ, കുടുംബം, നാട്ടുകാര്‍.... എല്ലാമെല്ലാം.
                ഞാന്‍ എഴുന്നേറ്റ് ലൈറ്റിട്ടു. മേശയില്‍ നിന്നും ഫയലെടുത്തു. ഒപ്പിടാനുള്ള സ്ഥലത്ത് വിറക്കുന്ന കൈകളോടെ ഒപ്പു വെച്ചു, ഓഫീസ് സീലും പതിച്ചു. അവളുടെ ഫോട്ടോ എന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുമ്പോള്‍ നിന്നിടത്തു നിന്ന് നഗ്നനാകുന്നത് ഞാനറിഞ്ഞു. മുന്നിലുള്ള മഞ്ഞുമല ഉരുകിയൊലിക്കുന്നതു കണ്ട കപ്പിത്താനെപ്പോലെ ഞാന്‍ നിശ്വാസങ്ങള്‍ പുറന്തള്ളി. തികഞ്ഞ ആശ്വാസത്തോടെ ഞാന്‍ അനിതയുടെ മുഖത്തു നോക്കി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞ് നില്‍ക്കുന്നു.

Comments

Popular posts from this blog

ആദ്യ കഥ

Web hosting