മൂന്നാം ലോക മഹായുദ്ധം
അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള നിര്‍ദ്ധേശങ്ങള്‍
നല്‍കിയതിനു ശേഷമാണ് ഒരു തരം ആലസ്യം ശരീരത്തെയും മനസ്സിനെയും കീഴടക്കിയതായി ചീഫ് സൈബര്‍
കണ്‍ട്രോളര്‍ അജിത് സിങിനു തോന്നിയത്. ചടുല നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ കടിച്ചു
കീറാനുള്ള തന്റെ അത്യാഗ്രഹം മുന്നിലിരിക്കുന്ന കംപ്യൂട്ടര്‍ മോണിറ്ററിന്റെ പിന്നില്‍
ഒളിച്ചോ എന്ന് അദ്ധേഹം സംശയിച്ചു.
കംപ്യൂട്ടറുമായി ഒരു വട്ടം ചെസ് കളിച്ചാലോ എന്നു
തോന്നി. സെല്‍ഫ് ഡിറ്റക്റ്റര്‍ ഹെഡ്‌സെറ്റിന്റെ ഇരു പാര്‍ശ്വങ്ങളിലും മുറുകെപ്പിടിച്ചു
കൊണ്ട് 'ലെറ്റ് മീ പ്ലേ ചെസ്സ്
വിത്ത് ദ കംപ്യൂട്ടര്‍' എന്ന കമന്റ് തലച്ചോറിലെ
നാഡീ സങ്കീര്‍ണതകളെ പിടിച്ചുലച്ചതോടെ സ്‌ക്രീനില്‍ ചെസ് ബോര്‍ഡും നിരന്നു നില്‍ക്കുന്ന
കരുക്കളും തെളിഞ്ഞു വന്നു. കമന്റ്‌സുകളുടെ താളത്തിനനുസരിച്ച് കരുക്കള്‍ നീങ്ങിത്തുടങ്ങി.
യുദ്ധം കൊടുമ്പിരി കൊണ്ടു. കാലാള്‍പ്പടയും ആനയും കുതിരയും തേരും രാജ്ഞിയും കളങ്ങള്‍
മാറി മാറി വാണു കൊണ്ടിരുന്നു.
റാപ്പിഡ് ചെസ്സാണ് സിങിന് ഏറ്റവും പ്രിയപ്പെട്ട
ഇനം. അതിന് നിമിഷങ്ങളുടെ ആലോചനാ ഭാരങ്ങള്‍ മാത്രം മതിയല്ലോ. സെക്കന്‍ഡുകള്‍ക്കുള്ളില്‍
ചിന്തയുടെ ആകാശ മണ്ഡലങ്ങള്‍ വിജയക്കുതിപ്പുകള്‍ക്കും പരാജയക്കിതപ്പുകള്‍ക്കുമിടയില്‍
നൂല്‍പ്പാലങ്ങള്‍ പണിയുമ്പോഴാണ് മനസ്സിന് ഊര്‍ജ്ജസ്വലത തിരികെ ലഭിക്കുക.
എതിരാളിക്ക് വെള്ളക്കരുക്കള്‍ നല്കി ആക്രമണം തുടങ്ങാന്‍
അനുവദിക്കുക, അതിശക്തമായ പ്രത്യാക്രമണങ്ങള്‍ കൊണ്ട് അവനെ ഞെട്ടിച്ച് പൊട്ടിച്ചിരിക്കുക - ഇതൊക്കെയില്ലാതെ
എന്തു രസം? ഇതാണു സിങിന്റെ തിയറി.
നീക്കങ്ങളും മറുനീക്കങ്ങളും വെട്ടുകളും ഒഴിഞ്ഞു
മാറ്റങ്ങളും ചൂടു പിടിച്ചു. 'പരാജയം തന്നെ സമനിലയേക്കാള്‍ ആവേശകരമായ പര്യവസാനം'. യുദ്ധം സമനിലയാകുമോ
എന്ന് ഭയപ്പെട്ട സിങിന്റെ ചുണ്ടുകള്‍ പതുക്കെ പറഞ്ഞു.
മുന്നില്‍ ഒരു ബിഷപ് തനിക്കു വെട്ടാന്‍ പാകത്തില്‍
നില്ക്കുന്നു. 'യെസ്, വിത്ത് നോവണ്‍ റ്റു
പ്രൊടക്ട്'. അജിത് സിങിന്റെ രാജ്ഞി കുതിച്ചു ചെന്ന് അതിന്റെ തലയരിഞ്ഞു. അദ്ധേഹത്തിന്റെ പൊട്ടിച്ചിരി
വിക്ഷേപണത്തിനു മുമ്പേ അഗ്നിയായ സ്‌പെയ്‌സ് ഷട്ടില്‍ പോലെ ആയിരക്കണക്കിനു കഷ്ണങ്ങളായി
ചിന്നിച്ചിതറി. പെട്ടെന്ന്, ഒരു കുതിരയുടെ ട്രാപിങ് ചെക്ക്. സൂക്ഷ്മമായ കംപ്യൂട്ടര്‍ ബുദ്ധിയുടെ
സമര്‍ത്ഥമായ അറ്റാക്ക്. അടുത്ത നീക്കത്തില്‍ തന്റെ രാജ്ഞി വധിക്കപ്പെടും. സിങിന്റെ
കണ്ണുകള്‍ പല്ലിളിക്കുന്ന കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നില്‍ ഉത്തരം മുട്ടി ഓച്ഛാനിച്ചു
നിന്നു.
'ക്വിറ്റ് ദ ഗെയിം ആന്‍ഡ് ഹാവ് എ ക്വിക് ഷട്ട് ഡൗണ്‍'. തലച്ചോറിനു നല്കി
സെല്‍ഫ് ഡിറ്റക്റ്റര്‍ വഴി സ്വീകരിക്കേണ്ട ഗംഭീര കമന്റ്, പ്രതിധ്വനികളെ നിശ്ചലമാക്കിക്കൊണ്ട് ശബ്ദ രൂപത്തില്‍
ഉയര്‍ന്നു പൊന്തി. വൈദ്യുതി ബന്ധം നിലച്ചതു പോലെ അത് നിശ്ചലമായി.
'ട്രാപിങ്, ട്രാപിങ്, ട്രാപിങ്... യെസ്, ദി ഐഡിയ' പല്ലുകള്‍ ഞെരിച്ച്, കറുത്തിരുണ്ട സ്‌ക്രീനിലേക്കു നോക്കി സിങ് ഉറക്കെ
പറഞ്ഞു.
അമേരിക്ക-ബ്രിട്ടന്‍-ഇസ്രായേല്‍ സൂപ്പര്‍ സഖ്യത്തിനെതിരെ
ഇന്ത്യ-റഷ്യ-ചൈന സൂപീര്യര്‍ സഖ്യം പയറ്റുന്ന ട്രാപിങ് തന്ത്രം ഇന്ത്യന്‍ സൈബര്‍ കണ്‍ട്രോളര്‍
ബോഡിയുടെ ചീഫ് അജിത് സിങിന്റെ സൂപ്പര്‍ കംപ്യൂട്ടറില്‍ നിന്നും അതീവ രഹസ്യ കോഡുകളായി
രൂപം പ്രാപിച്ച്, സൂപീര്യര്‍ സഖ്യ രാഷ്ട്രങ്ങളിലെ ആയിരക്കണക്കിനു ഇന്‍സ്‌പെക്ടര്‍മാരുടെ കംപ്യൂട്ടറുകളിലേക്കും
അവയില്‍ നിന്നും ലക്ഷങ്ങളോളം വരുന്ന കണ്‍ട്രോളേഴ്‌സിന്റെ എന്‍ക്രിപ്റ്റഡ് സിസ്റ്റങ്ങളിലേക്കും
പാഞ്ഞു കയറി.
സൈബര്‍ കണ്‍ട്രോള്‍ ബോഡി അംഗങ്ങള്‍ സൂപ്പര്‍ സഖ്യത്തെ
കുടുക്കാനുള്ള കെണികള്‍ തയ്യാറാക്കിത്തുടങ്ങി. അഞ്ചു പ്രമുഖ ഹോസ്പിറ്റലുകളിലെ രോഗികള്‍
ഒഴിപ്പിക്കപ്പെട്ടു. അവിടുത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന എട്ടായിരത്തോളം കംപ്യൂട്ടറുകളിലെ
എന്‍ക്രിപ്ഷനുകള്‍ നീക്കം ചെയ്യപ്പെട്ടു. 'അമേരിക്കയുടെ സൈബര്‍ കണ്‍ട്രോളേഴ്‌സ് അവ ഹാക്കു
ചെയ്യാന്‍ തുടങ്ങട്ടെ. അപ്പോള്‍ കാണാം കളി'. സൂപീര്യര്‍ സേനയുടെ ഓരോ പോരാളിയും കണക്കു കൂട്ടിക്കൊണ്ടിരിക്കുന്നു.
കംപ്യൂട്ടറുകളും സൂപ്പര്‍ കംപ്യൂട്ടറുകളും എന്‍ക്രിപ്റ്റഡ് സിസ്റ്റങ്ങളും കമന്റുകളുടെ
ആ മഹാപ്രളയത്തില്‍ ആടിയുലഞ്ഞു.
മൂന്നാം ലോക മഹാ യുദ്ധം നടക്കുമെന്നുറപ്പാകുന്നതിനു
മുമ്പേ അമേരിക്കന്‍ സൈബര്‍ ഡിഫന്‍സ് ഹെഡ് ജോര്‍ജ്ജ് എബ്രഹാമുമായി അജിത് സിങ് ബന്ധപ്പെട്ടിരുന്നു.
തന്റെ സ്വന്തം രാജ്യത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ നിന്നും മാറി നില്ക്കണമെന്ന് അയാളെ
ഉപദേശിക്കുകയും ചെയ്തു. പ്രിയ സുഹൃത്തും യൂനിവേഴ്‌സിറ്റി ഓഫ് പഞ്ചാബിലെ തന്റെ സഹപാഠിയുമായിരുന്ന
ജോര്‍ജ്ജിനെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടായിരുന്നു.
ആയിരക്കണക്കിനു വ്യത്യസ്ത വൈറസുകളുടെ നിര്‍മാണം
പൂര്‍ത്തിയായി. ഏതു നിമിഷവും മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാം. പക്ഷേ, എതിരാളികള്‍ തുടങ്ങുന്നതിനു
മുമ്പ് തങ്ങള്‍ കളി തുടങ്ങരുത്. അതാണ് സിങിന്റെ കര്‍ശന നിര്‍ദ്ധേശം. ചെസ്സില്‍ പയറ്റുന്ന
അതേ തന്ത്രം. റഷ്യ-ചൈന സേനാ മേധാവികള്‍ക്കും അതിസൂക്ഷ്മമായി വിവരങ്ങള്‍ കൈമാറി. മൂന്നാം
ലോക മഹായുദ്ധത്തിനു സജ്ജമായ പത്തു രാഷ്ട്രങ്ങള്‍ നെറ്റ്‌വര്‍ക്കുകള്‍ കീഴടക്കി വിജയം
നേടുന്ന നിമിഷങ്ങള്‍ എണ്ണിത്തുടങ്ങി. വാര്‍&പവര്‍ ഹൗസുകളുടെയും ആശുപത്രികളുടെയും ബാങ്കുകളുടെയും
കംപ്യൂട്ടര്‍ ശൃംഖലകള്‍ക്കു ശക്തമായ സെക്യൂരിറ്റി ഒരുക്കി.
അമ്പത്തിയൊമ്പത് മിനുട്ടുകള്‍, അതിനുള്ളില്‍ എല്ലാം തീര്‍ക്കണം. സൂപീര്യര്‍ സഖ്യത്തിന്റെ
കഠിന പ്രയത്‌നങ്ങള്‍ അതിനാണ്. സൂപ്പര്‍ സഖ്യ രാഷ്ട്രങ്ങളുടെ അധികാരവും നിയന്ത്രണവും
തങ്ങളുടെ കരങ്ങളില്‍ ഭദ്രമാകണം. മാധ്യമ പ്രവര്‍ത്തനങ്ങള്‍ തടയാനും അവര്‍ മുഖേന ലോക
ജനത വിവരം അറിയുന്നതിനു മുമ്പേ, അതിന്റെ പരിണിത ഫലങ്ങള്‍ ആരംഭിക്കാനുമാണ് പദ്ധതി. ആശയ വിനിമങ്ങള്‍ക്കുള്ള
അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടണം. ശക്തമായ തീരുമാനങ്ങളാണ് അജിത് സിങിന്റേത്.
അര്‍ദ്ധ രാത്രി 3:30 എന്ന സമയത്തില്‍ നിന്നും പ്രഭാതത്തിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരിക്കുന്നു. പത്തു
രാജ്യങ്ങളിലെ വാര്‍&പവര്‍ ഹൗസുകളില്‍ ആയിരക്കണക്കിനു സൈറണുകള്‍ നിലയ്ക്കാതെ മുഴങ്ങിത്തുടങ്ങി.
കംപ്യൂട്ടറുകള്‍ കംപ്യൂട്ടറുകളെ അക്രമിച്ചു കൊണ്ടിരിക്കുന്നു. നെറ്റ്‌വര്‍ക്കുകള്‍
നെറ്റ്‌വര്‍ക്കുകളെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ അഞ്ചു പ്രമുഖ ഹോസ്പിറ്റലുകള്‍
അമേരിക്കയുടെ നിയന്ത്രണത്തിലായതായി ലോക മാധ്യമങ്ങളിലെ ഫ്‌ളാഷ് ന്യൂസുകള്‍ റിപ്പോര്‍ട്ട്
ചെയ്തു.
ലോക മഹായുദ്ധം ആരംഭിച്ചു കഴിഞ്ഞു.
ലോകം ഭീതിയുടെ പാതാളങ്ങളിലേക്ക് ആഴ്ന്നു കൊണ്ടിരിക്കുന്നു.
തന്റെ തന്ത്രങ്ങള്‍ ഫലിക്കുന്നത് ചുണ്ടിലെ ചിരിയും
ഹൃദയത്തിലെ ആകാംഷയും അമര്‍ത്തിപ്പിടിച്ചു കൊണ്ട് അജിത് സിങ് ആസ്വദിച്ചു കണ്ടു. ഹോസ്പിറ്റലുകളിലെ
കംപ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ഹാക്കു ചെയ്ത അമേരിക്കന്‍ ഡിഫന്‍സ് കംപ്യൂട്ടറുകള്‍ ഇന്ത്യയുടെ
വരുതിയിലായിക്കഴിഞ്ഞു. അവര്‍ തിരിച്ചടിക്കുന്നതിനു മുമ്പേ ഹാക്കു ചെയ്ത സിസ്റ്റങ്ങള്‍
പരമാവധി ഉപയോഗപ്പെടുത്താന്‍ അജിത് സിങ് ജനറല്‍ ഇന്‍സ്ട്രക്ഷന്‍ നല്‍കി. ഒഴിച്ചിട്ട
ആശുപത്രികള്‍ പിടിച്ചടക്കാന്‍ ശ്രമിച്ച അമേരിക്കക്കാരെ സഹതാപത്തോടെ പുച്ഛിച്ച് അജിത്
ട്വിറ്ററില്‍ കുറിച്ചു:
'ഒരു മണിക്കൂറിനുള്ളില്‍ എല്ലാം പര്യവസാനിക്കും.
ഇന്ത്യ ലോകത്തിനു നെറുകെയിലെത്താന്‍ ഇനി മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു.'
സന്തോഷം കൊണ്ട് മതിമറന്ന അജിത് സിങ് പെട്ടെന്നാണതു
ശ്രദ്ധിച്ചത്. 'എത്രയും പെട്ടെന്ന് താങ്കളുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക'. സെല്‍ഫ് ഡിറ്റക്റ്റര്‍
സിങിന്റെ തലച്ചോറിലേക്ക് അടിയന്തിര സന്ദേശം നല്‍കി. എന്തോ സംഭവിച്ചോ? ആശങ്കകള്‍ കൂടു കെട്ടിത്തുടങ്ങി.
എന്താണു പ്രശ്‌നമെന്നു വ്യക്തമല്ല. ചിന്തിക്കാന്‍ സമയമില്ലാത്തതിനാല്‍, അജിത് സിങ് അടിയന്തിര റീസ്റ്റാര്‍ട്ട് കമന്റ് നല്കി.
ഒരു ഞെരക്കത്തോടെ കംപ്യൂട്ടര്‍ നിശ്ചലമായി. പെട്ടെന്നു തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്നു
പ്രതീക്ഷിച്ചിരുന്ന സിങിന്റെ ക്ഷമ കെടുത്തിക്കൊണ്ട് കംപ്യൂട്ടര്‍ അമ്പത്തി മൂന്ന് സെക്കന്‍ഡുകളോളം
പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട് ഓണാകാതെ നിന്നു.
അമ്പത്തി മൂന്ന് വര്‍ഷങ്ങളോളം നീണ്ടു നിന്ന അമ്പത്തി
മൂന്ന് നിമിഷങ്ങള്‍ക്കൊടുവില്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പക്ഷേ, തന്റെ കല്പനകള്‍ അനുസരിക്കുന്നതിനു
പകരം മറ്റെന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു. മറ്റാരോ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതു
പോലെ പഴയ വേര്‍ഷനകുളിലേക്ക് തിരിച്ചു പോകുന്നു. ദേഷ്യവും അമര്‍ഷവും കൊണ്ട് അജിത് സിങിന്റെ
കണ്ണുകള്‍ ചുവന്നു. കൈകള്‍ വിറച്ചു. കാലുകള്‍ മരവിച്ചു. താന്‍ അതിവിദഗ്ദ്ധമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു.
സുബോധം നഷ്ടപ്പെട്ട അജിത് സിങ് സര്‍വ്വ ശക്തിയും
ഉപയോഗിച്ച് സെല്‍ഫ് ഡിറ്റക്റ്റര്‍ ആകാശത്തേക്കുയര്‍ത്തി ഗ്രാനൈറ്റിന്റെ മാര്‍ദ്ധവ ഭാഗത്തേക്ക്
വലിച്ചെറിഞ്ഞു. കഷ്ണങ്ങളായി നലം പതിച്ച ഡിറ്റക്റ്ററിനു മേലെ ചവിട്ടിക്കൊണ്ട് സിങ് തന്റെ
അടുത്ത ലക്ഷ്യത്തിലേക്ക് കടന്നു. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പഠിച്ച
പണി പതിനെട്ടും നോക്കിയിട്ടും കഴിഞ്ഞില്ല. അവസാനം അതിന്റെ വയറുകള്‍ കടിച്ചു കീറിയാലോ
എന്നാലോചിച്ചതായിരുന്നു. അതിനു മുമ്പേ, എന്തോ തിരിച്ചറിഞ്ഞതു പോലെ അതു നിശ്ചലമായി. വീണ്ടും
ഓണാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സിങ് പതുക്കെ ഇരിപ്പിടം വിട്ടെണീറ്റു.
അതിവേഗം ഫ്‌ളാറ്റിലേക്കു കുതിച്ചു. ഭാര്യ കിടന്നുറങ്ങുന്നു.
അവളെ കണ്ടപ്പോള്‍ താനവളെ മുമ്പ് കണ്ടിട്ടില്ലേ എന്നൊരു സംശയം അജിത് സിങിന്റെ ഉള്ളില്‍
നിന്നും ഉയര്‍ന്നു വന്നു. ജനാലയിലൂടെ പുറത്തേക്കു തലയിട്ടു നോക്കി, എന്തിനെന്നറിയില്ല.
എന്തോ, അങ്ങനെ തോന്നി. തണുത്ത
കാറ്റ് അടിച്ചു വീശുന്നു. ആകാശത്തിന്റെ നീലിമ പ്രകാശിതമാകാന്‍ കാത്തു നില്ക്കുന്നു.
പ്രകൃതിയുടെ വിശാലതയും ഭംഗിയും താനാദ്യമായി കാണുകയാണോ എന്ന് സന്ദേഹിച്ചു കൊണ്ട് പട്ടണത്തിലെ
പ്രകൃതി തന്നെ തുറിച്ചു നോക്കുന്നത് അനുഭവിച്ചു. പ്രകൃതിയെ വര്‍ണിച്ച തന്റെ മുതുമുത്തച്ഛന്റെ
പഴയ പുസ്തകം അപ്പോഴാണ് ഓര്‍മയില്‍ വന്നത്. അതിപ്പോഴെവിടെയായിരിക്കും. അതിലുള്ള കുട്ടി
മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിയാടുന്ന ചിത്രം മനസ്സില്‍ വന്നു. കംപ്യൂട്ടര്‍ ചിത്രങ്ങള്‍
എത്ര മാത്രം ബോറടിപ്പിക്കുന്നതായിരുന്നെന്ന് തോന്നി.
കംപ്യൂട്ടര്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടാകുമോ? അജിത് സിങ് ഓഫീസിലേക്ക്
കുതിച്ചു. ആയിരക്കണക്കിനു സ്വപ്നങ്ങള്‍ ഹൃദയത്തെ പ്രതീക്ഷകളുടെ തീരത്തണയ്ക്കുന്നുണ്ടായിരുന്നു.
തന്റെ തന്ത്രങ്ങള്‍ തിരിച്ചറിയാത്ത അമേരിക്കക്കാര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല
എന്ന വിശ്വാസം ഇനിയും അസ്തമിച്ചിട്ടില്ല. തന്റെ ആജ്ഞകള്‍ക്കു കാത്തു നില്ക്കുന്ന കംപ്യൂട്ടര്‍
കണ്ടപ്പോള്‍ സമാധാനമായി.
സെല്‍ഫ് ഡിറ്റക്റ്റര്‍ പൊളിച്ചത് മണ്ടത്തരമായിപ്പോയി
എന്നു പശ്ചാത്തപിച്ച്, ടച്ച് സ്‌ക്രീനില്‍ വിരലുകളമര്‍ത്തി കംപ്യൂട്ടര്‍ നിയന്ത്രിച്ച
സിങിന്റെ കണ്ണുകള്‍ പുറത്തേക്കുന്തിപ്പോയി. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപനങ്ങളും കീഴടക്കപ്പെട്ടിരിക്കുന്നു.
അമ്പത്തിയെട്ടു മിനുട്ടുകള്‍ക്കുള്ളില്‍ ഇന്ത്യയും സൂപ്പര്‍ കംപ്യൂട്ടറുകളും കീഴടങ്ങിയിരിക്കുന്നു.
അല്ലെങ്കിലും, നൂറു കണക്കിനു കിലോമീറ്ററുകള്‍ക്കപ്പുറം സ്ഥിതി ചെയ്യുന്ന കീഴുദ്യോഗസ്ഥരുടെ വിദൂര
മേധാവി സംഭവമറിയുമ്പോഴേക്കും മൂന്നാം ലോക മഹായുദ്ധം അവസാനിച്ചു കഴിഞ്ഞിരുന്നു.
ലോക മഹായുദ്ധം പര്യവസാനിച്ചു, താന്‍ പറഞ്ഞതിനും
ഒരു മിനുട്ട് മുമ്പേ. ഇനിയെന്ത്? ആരെയും തനിക്കു കാണേണ്ട. പ്രധാനമന്ത്രിയെപ്പോലും. ഇനി? തന്റെ കംപ്യൂട്ടറും
സെല്‍ഫ് ഡിറ്റക്റ്ററും കീഴടക്കിയതാരാണെന്നറിയുക എന്നൊരൊറ്റ ലക്ഷ്യത്തിലേക്ക് അജിത്
തന്നെ ചുരുട്ടിക്കൂട്ടി.
'ഷിറ്റ് ഇന്ത്യന്‍സ്...'
ജോര്‍ജ്ജ് എബ്രഹാം എന്ന പേര്
കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കണ്ട അജിത് സിങ് അട്ടഹസിച്ചു. അടുത്തുള്ള കമ്പിക്കഷ്ണമെടുത്ത്
കൊണ്ട് അത് വെട്ടിനുറുക്കുന്നതിനിടയില്‍ അജിത് സിങ് കണ്ടു,
ഒരു വവ്വാല്‍ തന്റെ നേരെ പാഞ്ഞു
വരുന്നത്. ഫ്‌ളാറ്റില്‍ കണ്ട അതേ വവ്വാല്‍ തന്നെ. പ്രകൃതിയുടെ പഴയ ഓര്‍മകള്‍ ഛര്‍ദ്ധിച്ചു
കൊണ്ട് അതു വട്ടമിട്ടു പറക്കുകയാണ്, അതെന്തോ പറയുന്നുണ്ടാകും. ആര്‍ക്കറിയാം?



Comments
Post a Comment